വിയന്ന: ഓസ്ട്രിയയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ ഭാഷാ-സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകര്ന്നുനല്കുന്ന കൈരളി നികേതന്‍ വിയന്നയുടെ വാര്‍ഷികാഘോഷം വര്‍ണാഭമായ പരിപാടികളോടെ അരങ്ങേറി.
കലയും സംസ്കാരവും ഒത്തുചേര്‍ന്ന പുതുതലമുറയുടെ മഹോത്സവം, ഓസ്ട്രിയ ഉള്‍പ്പെടെയുള്ള വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രേക്ഷകരുടെ ആവേശകരമായ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി.
മലയാള ഭാഷയുടെയും ഭാരതീയസംസ്കാരത്തിന്റെയും സൗന്ദര്യം വാരിവിതറിയ ചടങ്ങില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, നൃത്തശില്പങ്ങള്, സാംസ്കാരിക പ്രകടനങ്ങള്‍ ഏറെ ശ്രദ്ധേയമായി. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നൃത്തമത്സരം പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു.
മസക്കലീസ്, റാപ്പിഡ് റിഥം, ഡിസ്ട്രിക്ട് ജിഎംവി, കാന്താരീസ് ആന്‍ഡ് കുട്ടന്‍സ്, സുപ്പര്‍ സുരാസുന്ദരീസ്, ബോയിസ് ഫോര്‍ എവര്‍ എന്നീ ആറു ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഡിസ്ട്രിക്ട് ജിഎംവി ഒന്നാം സ്ഥാവും സുപ്പര്‍ സുരാസുന്ദരീസ് രണ്ടാം സ്ഥാനവും കാന്താരീസ് ആന്‍ഡ് കുട്ടന്‍സ് മൂന്നാം സ്ഥാനവും നേടി.
വേറിട്ട പ്രകടനങ്ങള്‍ കൊണ്ട് ഓരോ ടീമും പ്രേക്ഷകപ്രശംസ നേടി. കാലോചിതമായ രീതിയില്‍ മൂല്യ നിര്‍ണയം നടത്തിയ മത്സരത്തില്‍, ആകെ മാര്‍ക്കിന്റെ 60 ശതമാനം വിദഗ്ധരായ ജഡ്ജിംഗ് പാനലിന്റെ വിലയിരുത്തലിലും ശേഷിക്കുന്ന 40 ശതമാനം മാര്‍ക്ക് പ്രേക്ഷകരുടെ വോട്ടിംഗിലൂടെയും നിര്‍ണയിച്ചു.
വിജയികള്‍ക്ക് ട്രോഫികളും സമ്മാനത്തുകയും വിവിധ സ്പോണ്‍സറുമാര്‍ സമ്മാനിച്ചു.